മറ്റാരുടെയും വിലാസത്തിലല്ല , ഞാൻ അറിയപ്പെടേണ്ടത് ഞാൻ എന്ന വ്യക്തിയിലൂടെ: പൂർണിമ ഇന്ദ്രജിത്ത്

single-img
21 August 2022

വിവാഹശേഷം 17 വർഷത്തെ ഇടവേള കഴിഞ്ഞാണ് നടി പൂർണിമ ഇന്ദ്രജിത് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. അടുത്തിടെ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവെച്ച പൂർണിയുടെ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദീർഘകാലം സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള ഉൾക്കരുത്ത് എവിടെ നിന്ന് ലഭിച്ചുവെന്നാണ് പൂർണിമ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സത്യസന്ധമായി വെളിപ്പെടുത്തിയത്.

പൂർണ്ണിമയുടെ വാക്കുകൾ ഇങ്ങിനെ: ” ജോലി ചെയ്യുന്ന സ്ത്രീ എന്നുള്ള ഊർജം എത്രയോ വലുതാണെന്ന് കണ്ടറിഞ്ഞതാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും ജോലി ചെയ്തുകൊണ്ടിരുന്നത്. അച്ഛൻ വക്കീൽ ആയിരുന്നെങ്കിലും അമ്മ അധ്വാനിച്ച് പണമുണ്ടാക്കി. ഞാൻ സിനിമയിൽ ഉള്ളപ്പോഴും ഇന്ദ്രനെ കല്യാണം കഴിച്ചപ്പോഴുമൊക്കെ അമ്മ ആ നഴ്സറി സ്കൂളുമായി മുന്നോട്ടുപോയി.

ഇവിടെയാണെങ്കിൽ ഇന്ദ്രന്റെ അമ്മയെക്കുറിച്ച് ആലോചിക്കൂ. 49ആം വയസിലാണ് ഇന്ദ്രന്റെ അച്ഛൻ പോയത്. അമ്മയ്ക്ക് അന്ന് 40 വയസ്. വിവാഹം കഴിഞ്ഞ് ഒരുപാട് വർഷം അഭിനയിക്കാതെ ഇരുന്നിട്ടും മല്ലിക സുകുമാരൻ എന്ന പേര് അമ്മ തിരിച്ചുപിടിച്ചു. ഇന്ന് വേണമെങ്കിലും ഇന്ദ്രന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്ന നിലയിൽ ഒതുങ്ങിക്കൂടാം. എന്നാൽ ഞങ്ങളേക്കാളൊക്കെ തിരക്ക് അമ്മയ്ക്കാണ്. 67ആം വയസിൽ അമ്മയ്ക്ക് അങ്ങനെ ജീവിക്കാൻ പറ്റുന്നു.

എന്നെ കാണണം എങ്കിൽ മക്കൾ എന്റെ അടുത്തേക്ക് വരട്ടെ എന്നാണ് അമ്മയുടെ കാഴ്ചപ്പാട്. ഈ രണ്ട് അമ്മമാരെ പോലെ ജീവിക്കാനാവണം എന്നാണ് എന്റെ മോഹം. ഞാൻ അറിയപ്പെടേണ്ടത് ഞാൻ എന്ന വ്യക്തിയിലൂടെയാണ്. മറ്റാരുടെയും വിലാസത്തിൽ അല്ല. ഓരോരുത്തർക്കും ജീവിതത്തിൽ മുൻഗണനകൾ ഉണ്ടാകും. എനിക്ക് ആ പ്രായത്തിൽ കുടുംബത്തിനായിരുന്നു മുൻഗണന.

അതോടൊപ്പം ജോലിയും ചെയ്തു. സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും സംരംഭകയായും ചാന‍ൽ ഷോക ളിലൂടെയും ഒരേ സമയം രണ്ട് പ്രഫഷനിലൂടെ മുന്നോട്ട് പോയി. ഇപ്പോൾ മക്കൾ കൗമാരത്തിൽ എത്തി. ജീവിതത്തിന്റെ മറ്റൊരു അധ്യായത്തിന് സമയമായെന്ന് തോന്നി. അങ്ങനെ വീണ്ടും സിനിമയിലും വെബ്സീരീസുകളിലും എത്തി.’ ‍- പൂർണ്ണിമ പറഞ്ഞു.