പരീക്ഷയിലെ കോപ്പിയടി തടയാന്‍ വേണ്ടി ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി ആസാം

single-img
21 August 2022

ദിസ്പൂര്‍: പരീക്ഷയിലെ കോപ്പിയടി തടയാന്‍ വേണ്ടി കടുംകൈ പ്രവര്‍ത്തിച്ച്‌ ആസാം സര്‍ക്കാര്‍.

സര്‍ക്കാര്‍ ഉദ്യോഗത്തിനുള്ള പരീക്ഷ നടക്കുന്ന ഇന്ന്, ഭരണകൂടം മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. ഗ്രേഡ് 3,4 വകുപ്പുകളിലേക്കുള്ള പരീക്ഷയാണ് ഇന്ന് നടക്കുന്നത്.

അടുത്തകാലത്ത് നടന്നതില്‍ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് പരീക്ഷയാണ് ആസമില്‍ നടക്കുന്നത്. പരീക്ഷ നടക്കുന്ന ജില്ലകളിലെ മൊബൈലില്‍ സേവനങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി റദ്ദ് ചെയ്തിട്ടുണ്ട്. പരീക്ഷയുടെ മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് പോലും മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരാന്‍ അനുവാദമില്ല. ഓരോ ഹാളുകളില്‍ നടക്കുന്ന പരീക്ഷയുടെയും വീഡിയോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കും.

14 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി 144 പ്രഖ്യാപിക്കുക പോലും ആസാം ഭരണകൂടം ചെയ്തു കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി 27,000 ഒഴിവുകളാണ് ഉള്ളത്.