സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി പിടിയില്‍

single-img
20 August 2022

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ ഒളിവിലായിരുന്ന മുഖ്യ പ്രതി പി പി ഷബീര്‍ പിടിയില്‍. ഒരു വര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ചാലപ്പുറം സ്വദേശിയാണ് പി പി ഷബീര്‍.

രാജ്യദ്രോഹ ഇടപാടുകള്‍ നടന്നുവെന്ന് സംശയിക്കപ്പെടുന്ന കേസിലെ നാലു പ്രതികളില്‍ മുഖ്യ സൂത്രധാരനായ രണ്ട് പേരിലൊരാളാണ് പിടിയിലായ ഷബീര്‍. പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന-കുറിച്യാര്‍മല റോഡ് ജങ്ഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പൊഴുതനയില്‍ ബിനാമി പേരില്‍ നിര്‍മിക്കുന്ന റിസോര്‍ട്ട് സന്ദര്‍ശിക്കാന്‍ ഷബീര്‍ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് പിടികൂടിയത്. ഷമീര്‍ എന്ന് പേരു മാറ്റിയാണ് ഇയാള്‍ വയനാട്ടില്‍ എത്തിയിരുന്നത്.

2021 ജൂ​ലൈ ഒ​ന്നി​നാ​ണ്​ ഏ​ഴി​ട​ത്ത്​ സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്​​ചേ​ഞ്ചു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കുറ്റകൃത്യങ്ങള്‍ക്കു വേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്നതെന്നും പ്രതികളുടെ അക്കൗണ്ടിലേക്ക് 46 കോടി രൂപ വന്നതായും ക്രൈെംബ്രാഞ്ച് അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ്, കോഴിക്കോട് ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി പി ഷബീര്‍ എന്നിവരുടെ അക്കൗണ്ടിലേക്കാണ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍നിന്ന് നാല്പത് കോടിയോളം രൂപ വന്നത്. ഇതില്‍ 10 കോടി ഷബീറിന്റെ അക്കൗണ്ടിലേക്കാണ് എത്തിയത്.