മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമ പ്രവര്‍ത്തകരോ വിമര്‍ശനങ്ങള്‍ക്ക് അതിതീതരല്ലെന്ന് ഓര്‍ക്കണം: മുഖ്യമന്ത്രി

single-img
20 August 2022

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ മേഖലയിലെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും
മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതല്‍ തകര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സര്‍ക്കാരിനെ വിമർശിക്കുന്നതിനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ വിലമതിക്കുന്നു. അത്തരത്തിൽ ക്രിയാത്മകമായ വിമര്‍ശനങ്ങളെ സ്വീകരിക്കുന്നതിന് സര്‍ക്കാരിന് മടിയുമില്ല. അങ്ങിനെ ചെയ്യുന്നതിലൂടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ നശീകരണാത്മകമായ വാസനകളിലൂടെ മാത്രം വിമര്‍ശനമുയര്‍ത്തുമ്പോള്‍ സര്‍ക്കാര്‍ അത് വിലവയ്ക്കുകയുമില്ല, പരിഗണിക്കുകയുമില്ല.”

ഇത്തരത്തിലുള്ള അവസ്ഥ നമ്മുടെ നാട്ടിലുണ്ടോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിമര്‍ശനം നടത്തുമ്പോഴാണ് മാധ്യമ നൈതികത ഉല്‍കൃഷ്ടമാകുന്നതെന്നും മാധ്യമങ്ങളുടെ ഉള്ളടക്കമോ മാധ്യമ പ്രവര്‍ത്തകരോ വിമര്‍ശനങ്ങള്‍ക്ക് അതിതീതരല്ലെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. അതേപോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിങ്ങളെ വിമര്‍ശിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവരും വിമര്‍ശിക്കും. അതിനാൽ അത്തരം വിമര്‍ശനങ്ങളോട് അസഹിഷ്ണുത ആരും കാണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.