ഒന്നും കിട്ടാനില്ല; മനീഷ് സിസോദിയയുടെ വീട്ടിൽ നടക്കുന്ന സി ബി ഐ റെയ്‌ഡിനെ സ്വാഗതം ചെയ്തു അരവിന്ദ് കെജ്രിവാൾ

single-img
19 August 2022

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിലെ സിബിഐ റെയ്‌ഡിനെ സ്വാഗതം ചെയ്തു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലാണ് റെയ്ഡ്.

ഡൽഹി വിദ്യാഭ്യാസ മാതൃകയെ പുകഴ്ത്തുകയും മനീഷ് സിസോദിയയുടെ ചിത്രം അമേരിക്കയിലെ ഏറ്റവും വലിയ പത്രമായ NYT യുടെ ഒന്നാം പേജിൽ അച്ചടിക്കുകയും ചെയ്ത, അതേ ദിവസം തന്നെ മനീഷിന്റെ വീട്ടിൽ കേന്ദ്ര സർക്കാർ സി.ബി.ഐയെ വിട്ടു. സിബിഐക്ക് സ്വാഗതം. പൂർണമായി സഹകരിക്കും. മുമ്പും നിരവധി പരിശോധനകൾ/റെയ്ഡുകൾ നടന്നിട്ടുണ്ട്. ഒന്നും കിട്ടിയില്ല, ഇനിയും ഒന്നും കിട്ടുകയുമില്ല- അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെയാണ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. ഡല്‍ഹിയിലെ 16 ഇടങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മനീഷ് സിസോദിയയുടെ വീട്ടിലും പരിശോധന. അതേസമയം, സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നതായി സിസോദിയ പ്രതികരിച്ചു. രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കൽ പതിവാണെന്ന് സിസോദിയ ട്വീറ്റിൽ പറഞ്ഞു.