ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും


തിരുവനന്തപുരത്ത്: തിരുവനന്തപുരത്തും, പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിധി പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ജനപക്ഷം നേതാവ് പി.സി. ജോര്‍ജുമായി ചേര്‍ന്ന് സ്വപ്ന ഗൂഢാലോചന നടത്തിയെന്നും ജലീലിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു.
പാലക്കാട് കസബ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയത്. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയരാനും, സംസ്ഥാനത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കാനും സ്വപ്ന സുരേഷ് വ്യാജ രേഖ ചമച്ചു. മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും സിപിഐഎം നേതാവ് സി.പി. പ്രമോദ് കസബ പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.