സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
19 August 2022

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹ‍ര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ അടക്കം നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

സംസ്ഥാനത്ത് തകര്‍ന്ന് കിടക്കുന്ന ദേശീയപാതകള്‍ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കുഴി അടയ്ക്കല്‍ പ്രവര്‍ത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. ഉത്തരവ് എത്രത്തോളം നടപ്പായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കും. പൊതുമരാമത്ത് വകുപ്പും, ദേശീയ പാത അതോറിറ്റിയും റോഡുകള്‍ നന്നാക്കുന്നതിന്റെ പുരോഗതി കോടതിയെ അറിയിക്കും.

ദേശീയപാതയിലെ അടക്കം കുഴി അടയ്ക്കലില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാറും എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മണ്ണൂത്തി-കറുകുറ്റി ദേശീയ പാതയിലെ കുഴിയടയ്ക്കല്‍ ശരിയായ രീതിയില്‍ അല്ലായിരുന്നുവെന്നാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. റോഡുകള്‍ നന്നാക്കുന്നതില്‍ കരാറുകാരന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുകളുണ്ടായി. കുഴികള്‍ അടയ്ക്കാന്‍ കോള്‍ഡ് മിക്‌സ് ഉപയോഗിച്ചു. ഉത്തരവാദിത്തപ്പെട്ട ആരും റോഡ് പണി നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്.