യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ നാളെ കൊച്ചിയിലെത്തിക്കും

single-img
18 August 2022

കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റില്‍ ഒളിപ്പിച്ച കേസിലെ പ്രതി അര്‍ഷാദിനെ നാളെ കൊച്ചിയിലെത്തിക്കും.

ഇയാളെ ഇന്നലെ മഞ്ചേശ്വരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. കൃത്യം നടത്താന്‍ കാരണമായത് ലഹരി – സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് ചെയ്യുന്ന സമയത്ത് അര്‍ഷാദില്‍ നിന്ന് എം.ഡി.എം.എ, ഒരു കിലോ കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഹെറോയി​ന്‍ തുടങ്ങിയവ പിടികൂടിയിരുന്നു. ഈ സമയം സുഹൃത്തായ അശ്വന്തും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു.

ലഹരി മരുന്ന് കൈവശം വച്ച കേസില്‍ അര്‍ഷാദിനെയും അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കോടതിയുടെ അനുമതിയോടെയാകും കൊലക്കേസിലെ തുടരന്വേഷണത്തിനായി അര്‍ഷാദിനെ എറണാകുളത്തെത്തിക്കുക. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കാസര്‍കോട് എത്തിയിട്ടുണ്ട്.

ഫ്ളാറ്റി​ല്‍ സജീവും അര്‍ഷാദും മാത്രം

കൊല നടത്തി​യെന്ന് പൊലീസ്‌ സംശയിക്കുന്ന അര്‍ഷാദ്‌ ഫ്ലാറ്റിലെ സ്ഥിരം താമസക്കാരനായിരുന്നില്ല. ഫ്ലാറ്റിന്റ ഇരുപതാം നിലയില്‍ താമസിച്ചിരുന്ന ആദിഷിന്റെ സുഹൃത്തായിരുന്നു അര്‍ഷാദ്‌. കൊല്ലപ്പെട്ട സജീവിനൊപ്പം താമസിച്ചിരുന്ന അംജാദും അര്‍ഷാദിന്റെ സുഹൃത്താണ്‌. അംജാദ്‌ വഴിയാണ്‌ സജീവ്‌ ഉള്‍പ്പെടെയുള്ളവരെ അര്‍ഷാദ്‌ പരിചയപ്പെട്ടത്‌. രണ്ടാഴ്‌ചയായി അര്‍ഷാദ്‌ സജീവിന്റെ മുറിയിലായിരുന്നു താമസം. കൊല നടക്കുമ്ബോള്‍ സജീവും അര്‍ഷാദും മാത്രമായിരുന്നു ഫ്ലാറ്റില്‍.

ടൂറിലായിരുന്ന മറ്റ് മൂന്നുപേര്‍ ഞായറാഴ്ച രാത്രിവരെ സജീവുമായി ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് സജീവ് ഫോണ്‍ എടുത്തില്ല. പകരം സജീവിന്റെ ഫോണില്‍ നിന്ന് മേസേജുകള്‍ ഇന്നലെ ഉച്ചവരെ വന്നു. കൊലപാതകം പുറത്തായതോടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കി. അര്‍ഷാദിനെതിരെ കൊണ്ടോട്ടിയില്‍ മോഷണക്കേസുള്ളതായും പൊലീസ്‌ കണ്ടെത്തി.