എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു


തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ മുന്‍ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചു.
പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന് പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ മൂന്നിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് നടപടി. താന്‍ ചാന്‍സലര്‍ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.
സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു ഇന്ന് വിസി പറഞ്ഞത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കും. ഗവര്‍ണര്‍ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്കുകയാണെങ്കില് മറുപടി നല്‍കാമെന്നും ഡോ ഗോപിനാഥന് രവീന്ദ്രന് പറഞ്ഞു.
റിസര്‍ച്ച് സ്കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വിസിയുടെ നിലപാട്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ല എന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുറത്തു വിടാന്‍ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളില്‍ നിന്ന് മനസിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥന് നായര്‍ വ്യക്തമാക്കി. സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.