അധ്യാപകന്‍ ദലിത് വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു

single-img
16 August 2022

ജയ്പൂര്‍: അധ്യാപകന്‍ ദലിത് വിദ്യാര്‍ഥിയെ തല്ലിക്കൊന്ന സംഭവത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു.

അത്രു മണ്ഡലത്തിലെ എം.എല്‍.എ ആയ പനചന്ദ് മേഘ്‌വാള്‍ ആണ് രാജിവെച്ചത്. ദലിത് സമുദായത്തിനെതിരായ അക്രമങ്ങള്‍ തടയാനാവാതെ താന്‍ പദവിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കൈമാറി.

”സ്വാതന്ത്ര്യം ലഭിച്ച്‌ 75 വര്‍ഷങ്ങള്‍ക്കിപ്പുറം ദലിതരെ ചൂഷണത്തിന് ഇരയാക്കുന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഇന്നും ദലിത് സമൂഹത്തിന് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ക്കായി പോരാടേണ്ട സ്ഥിതിയാണ്. ജലോറിലെ നിരപരാധിയായ കുട്ടിയുടെ മരണത്തില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഈ അടിച്ചമര്‍ത്തല്‍ തടയാന്‍ എനിക്ക് കഴിയുന്നില്ല. അതിനാല്‍ ഞാന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുന്നു”-പനചന്ദ് മേഘ്‌വാള്‍ രാജിക്കത്തില്‍ പറഞ്ഞു.

സ്‌കൂളില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കായുള്ള കുടിവെള്ളം സൂക്ഷിച്ച പാത്രത്തില്‍ തൊട്ടതിനാണ് ജലോര്‍ ജില്ലയിലെ സുരാന ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയായ ഇന്ദ്രകുമാര്‍ മേഘ്‌വാളിനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചത്. അധ്യാപകന്‍ ചായില്‍ സിങ്ങിനെ (40) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ജൂലൈ 20നാണ് കുട്ടിയെ അധ്യാപകന്‍ മര്‍ദിച്ചത്. മുഖത്തും ചെവിയിലും മര്‍ദനമേറ്റ വിദ്യാര്‍ഥി അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്