സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടക്കാതിരിക്കുന്നത് ബലാത്സംഗ കേസിന് ആധാരമായി കണക്കാക്കാനാവില്ല; കോടതി

single-img
16 August 2022

ഹൈദരാബാദ്: സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടക്കാതിരിക്കുന്നത് ബലാത്സംഗ കേസിന് ആധാരമായി കണക്കാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ കോടതി.

ബലാത്സംഗ കേസിലെ പ്രതിക്കു സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ട്, ആന്ധ്ര പ്രദേശ് ഹൈക്കോടതിയാണ്, ഇതു സംബന്ധിച്ച സുപ്രീം കോടതി വിധികള്‍ ഉദ്ധരിച്ച്‌ ഇക്കാര്യം ആവര്‍ത്തിച്ചത്.

നേരത്തെ പ്രണത്തിലായിരുന്ന യുവതി നല്‍കിയ ബലാത്സംഗ കേസില്‍, സ്ഥിരം ജാമ്യം തേടി യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. താനും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും യുവതി കോടതിയില്‍ പറഞ്ഞു. യുവാവിന്റെ മാതാപിതാക്കളുടെ അറിവോടെയാണ് എല്ലാം നടന്നത്. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായപ്പോള്‍ യുവാവിന്റെ മാതാവ് പപ്പായ കഴിക്കാന്‍ തന്നു. യുവാവ് ചില മരുന്നുകള്‍ തന്നതായും യുവതി പറഞ്ഞു.

ഈ സംഭവത്തിനു ശേഷം യുവാവും അവരുടെ വീട്ടുകാരും തന്നെ അവഗണിക്കുകയായിരുന്നെന്ന് യുവതി പറയുന്നു. അതേസമയം യുവാവിന്റ മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തോട് എതിര്‍പ്പായിരുന്നെന്നും അതു മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് യുവതി പരാതി നല്‍കിയതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത് എന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യമാവുന്നതെന്ന് കോടതി വിലയിരുത്തി. സമ്മതത്തോടെ ലൈംഗക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹം നടക്കാതാവുമ്ബോള്‍ ബലാത്സംഗ പരാതി നല്‍കുന്നതു നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെന്ന് ഹൈക്കോടതി ഓര്‍മപ്പിച്ചു. അേന്വഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയില്‍ യുവാവിന് കോടതി ജാമ്യം അനുവദിച്ചു.