പാലക്കാട് ഷാജഹാന്‍ വധം: 3 പേര്‍ കസ്റ്റഡിയില്‍

single-img
15 August 2022

പാലക്കാട് സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആര് പേരിൽ മൂന്നു പേര് പോലീസ് കസ്റ്റഡിയിലായതായി സൂചന. നേരത്തേ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന.
സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അം​ഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെയാണ് (40) ആർഎസ്എസ്, ബിജെപി പ്രവർത്തകർ വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 9.15ഓടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാൻ കുന്നങ്കാട് ജങ്ഷനിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ​ഗൂഢാലോചന ആണ് എന്ന് സി പി എം ആരോപിച്ചു. കോട്ടേക്കാട് ​പ്രദേശത്തുള്ള ലഹരി സംഘങ്ങളെ കൂട്ടുപിടിച്ച് ആർഎസ്എസ് നടത്തിയ കൊലപാതകമാണ് ഷാജഹാന്റേത് എന്നാണ് സി പി എമ്മിന്റെ ആരോപണം.

ഷാജഹാന് ആർഎസ്എസിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. ഗണേശോത്സവത്തിന്‌ ബോർഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുന്നങ്കാട് ജങ്ഷനിൽ കുറച്ചുദിവസം മുമ്പ് തർക്കമുണ്ടായി. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഈ തർക്കം കൊലപാതകത്തിലേക്ക് നയിക്കുമെന്ന് കൊട്ടേക്കാട് ​ഗ്രാമത്തിലെ ആരും കരുതിയില്ല.