ശ്രീലങ്കന്‍ നാവികസേനക്ക് ഡോര്‍ണിയര്‍ വിമാനം കൈമാറി ഇന്ത്യ

single-img
15 August 2022

കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖമാ‌യ ഹമ്ബന്‍തോട്ടയില്‍ നങ്കൂരമിടുമെന്ന കാര്യത്തില്‍ തീരുമാനമായതിന് പിന്നാലെ ശ്രീലങ്കന്‍ നാവികസേനക്ക് ഡോര്‍ണിയര്‍ വിമാനം കൈമാറി ഇന്ത്യ.

പ്രതിരോധ രം​ഗം ശക്തിപ്പെടുത്തുന്നതിനും പരസ്പര ധാരണ ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ശ്രീലങ്കന്‍ നാവികസേനക്ക് ഡോര്‍ണിയര്‍ വിമാനം കൈമാറിയതെന്ന് ഇന്ത്യ വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തിയ ഇന്ത്യന്‍ നേവി വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ് എന്‍ ഘോര്‍മാഡെ, കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗോപാല്‍ ബഗ്ലേയ്‌ക്കൊപ്പം കടുനായകയിലെ ശ്രീലങ്കന്‍ എയര്‍ഫോഴ്‌സ് ബേസില്‍ വെക്കാണ് സമുദ്ര നിരീക്ഷണ വിമാനം കൈമാറിയത്. കൈമാറ്റ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ സന്നിഹിതനായിരുന്നു.

ഇന്ത്യയുടെയും ശ്രീലങ്കയുടെയും സുരക്ഷയും പരസ്പര ധാരണയും പരസ്പര വിശ്വാസവും സഹകരണവും വര്‍ധിപ്പിക്കുന്നതിനായി ഡോര്‍ണിയര്‍ 228 സമ്മാനിക്കുന്നുവെന്ന് കൈമാറ്റ ചടങ്ങില്‍ ഹൈക്കമ്മീഷണര്‍ ബാഗ്ലേ പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചടങ്ങ് നടന്നത്. സമുദ്ര നിരീക്ഷണ വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രീലങ്കന്‍ നാവികസേനയുടെയും വ്യോമസേനയുടെയും സംഘത്തിന് ഇന്ത്യന്‍ നാവികസേന പരിശീലനം നല്‍കിയിരുന്നു.

2018 ജനുവരിയില്‍ സമുദ്ര നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങള്‍ ആവശ്യമാണെന്ന് ശ്രീലങ്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിമാനങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരി​ഗണിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് കമ്ബനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്‌എഎല്‍) നിര്‍മ്മിക്കുന്ന രണ്ട് ഡോര്‍ണിയര്‍ വിമാനങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കുമെന്നും അറിയിച്ചു. എച്ച്‌എഎല്‍ നിര്‍മ്മിച്ച വിമാനങ്ങള്‍ കൈമാറിക്കഴിഞ്ഞാല്‍, തിങ്കളാഴ്ച നല്‍കുന്ന ഡോര്‍ണിയര്‍ വിമാനം ഇന്ത്യന്‍ നാവികസേനയ്ക്ക് തിരികെ നല്‍കും. നാല് മാസക്കാലം ഇന്ത്യയില്‍ പ്രത്യേക പരിശീലനം ലഭിച്ച 15 ശ്രീലങ്കന്‍ എയര്‍ഫോഴ്‌സ് ജീവനക്കാരാണ് വിമാനം പ്രവര്‍ത്തിപ്പിക്കുക. ശ്രീലങ്കന്‍ എയര്‍ഫോഴ്‌സില്‍ (എസ്‌എല്‍എഎഫ്) ഇന്ത്യന്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ടീം അവരുടെ മേല്‍നോട്ടം വഹിക്കും.

ചൈനീസ് കപ്പല്‍ ‘യുവാന്‍ വാങ് 5’ ചൊവ്വാഴ്ച ദക്ഷിണ ഹമ്ബന്‍തോട്ട തുറമുഖത്ത് ഒരാഴ്ചക്കാലം നങ്കൂരമിടുന്നതിന് ഒരു ദിവസം മുമ്ബാണ് ഇന്ത്യ ഡോര്‍ണിയര്‍ വിമാനം കൈമാറുന്നത്. ഓഗസ്റ്റ് 11 ന് കപ്പല്‍ തുറമുഖത്ത് എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ശ്രീലങ്കന്‍ അധികൃതരുടെ അനുമതി ലഭിക്കാത്തതിനാല്‍ വൈകുകയായിരുന്നു. ഇന്ത്യയുടെ ആശങ്കകള്‍ക്കിടയില്‍ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഓഗസ്റ്റ് 16 മുതല്‍ 22 വരെ കപ്പലിലേക്ക് തുറമുഖ പ്രവേശനം കൊളംബോ അനുവദിച്ചു.