ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്: വിഡി സതീശൻ

single-img
15 August 2022

സംസ്ഥാനത്തെ പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടേത്തേണ്ട സംഭവങ്ങളില്‍ സിപിഎം തന്നെ കുറ്റവാളികളെ പ്രഖ്യാപിക്കുകയാണെങ്കില്‍ പിന്നെ ഇവിടെ എന്തിനാണ് പൊലീസും കോടതിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

പോലീസിനെ സിപിഎം നിര്‍വീര്യമാക്കുകയാണെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ സി പി എം പ്രവര്‍ത്തകന്‍ ഷാജഹാന്റെ കൊലപാതകം ഇപ്പോൾ പൊലീസ് അന്വേഷിച്ച്‌കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ നേതൃത്വം നടത്തിയ പ്രസ്താവന അന്വേഷണത്തെ ബാധിക്കും.

സമാനമായി എല്ലാ സംഭവങ്ങളിലും സിപിഐഎം മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നവരാണ്. ഇന്ന് നടത്തിയ കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയും അതിന്റെ അടിസ്ഥാനത്തിലാണ്. നാട്ടില്‍ നടക്കുന്ന സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ എല്ലാം സിപിഐഎമ്മിന് പങ്കുണ്ടെന്നും വി ഡി സതീശന്‍ കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.

സംസ്ഥാനമാകെ ഗുണ്ടകള്‍ അഴിഞ്ഞാടുന്നു, പൊലീസ് നിര്‍വീര്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളെ പോത്സാഹിപ്പിക്കാന്‍ കഴിയില്ല. ദൃക്സാക്ഷി പറഞ്ഞത് പ്രധാനപ്പെട്ട കാര്യം. കൊന്നത് ആരെന്ന് കണ്ടുപിടിക്കട്ടെ. പൊലീസ് അന്വേഷിക്കട്ടെ. കേസിലെ വിവരങ്ങള്‍ പുറത്തുവരട്ടെയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.