കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും

single-img
15 August 2022

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം പ്രത്യേക സംഘം അന്വേഷിക്കും.

മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശന്‍ അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണ‌ര്‍ ഡോ. എ.ശ്രീനിവാസ് പറഞ്ഞു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ഇന്നലെ രാത്രിയാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.

വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച രാത്രി ഇയാള്‍ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസം ഒരു അന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകള്‍ തുറന്നു കിടന്ന അവസരം ഇയാള്‍ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ തിരികെപോയിട്ടും വാതില്‍ പൂട്ടുന്നതില്‍ വീഴ്ച പറ്റി എന്നും വിവരമുണ്ട്. സുരക്ഷാ വീഴ്ച ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേത‍ൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുതിരവട്ടത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.

കഴിഞ്ഞ മെയ് മാസത്തില്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചിരുന്നു. റിമാന്‍ഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട ശേഷം കോട്ടക്കലില്‍ വാഹനാപകടത്തില്‍ മരിച്ചത്. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ഇര്‍ഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. മൂന്നാം വാര്‍ഡിലെ സെല്ലിലുണ്ടായിരുന്ന ഇര്‍ഫാന്‍ സ്പൂണ്‍ ഉപയോഗിച്ച്‌ കുളിമുറിയുടെ ഭിത്തി തുരന്ന് പുറത്തുകടക്കുകയായിരുന്നു. ഈ സംഭവത്തില്‍ സുരക്ഷാ വീഴ്ച ആരോപിച്ച്‌ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് കെ.സി.രമേശനെ സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ രംഗത്തെത്തിയതോടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയ്ക്ക് പിന്നാലെ സര്‍‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. കുതിരവട്ടത്ത് സുരക്ഷ കര്‍ശനമാക്കാന്‍ 4 പേരെ അധികമായി നിയമിക്കുകയും പാചക ജീവനക്കാരുടെ തസ്തികയില്‍ നിയമനം നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കള്‍ കൊണ്ടു പോകാത്തവരെ പുനരധിവസിപ്പിക്കാന്‍ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.