കോണ്‍ഗ്രസിന്റെ നവസങ്കല്പ പദയാത്രയില്‍ മുഴങ്ങിയത് ആര്‍എസ്എസ് ഗണഗീതം; വിമര്‍ശനം ശക്തമായപ്പോൾ നീക്കം ചെയ്തു

single-img
11 August 2022

കോൺഗ്രസ് സംഘടിപ്പിച്ച നവസങ്കല്പ പദയാത്രയില്‍ ആര്‍എസ്എസിന്റെ ഗണഗീതം. പിന്നാലെ വിമര്‍ശനം ശക്തമായേതാടെ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നടക്കം പരിപാടിയുടെ വീഡിയോകള്‍ നേതാക്കള്‍ ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു.

ആര്‍എസ്എസ് തങ്ങളുടെ ശാഖകളിലും ക്യാമ്പുകളിലും പാടുന്ന ഗണഗീതമാണ് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്ത പദയാത്രയിൽ ഉൾപ്പെട്ടത്. നവസങ്കല്‍പ് യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ ഇരുചക്രവാഹന റാലിയിലായിരുന്നു ആര്‍എസ്എസ് ഗണഗീതം കേട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു.

ആര്‍എഎസ്എസിന്റെ ഗാനാജ്ഞലി എന്ന് പേരുള്ള ഗാനശേഖരത്തിലെ പ്രധാന ഗാനമാണ് ഇവ. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്‍ ആയിരുന്ന പി.പരമേശ്വരന്‍ അടക്കമുള്ളവരാണ് ഗാനാജ്ഞലിയിലെ ഭൂരിഭാഗം പാട്ടുകളും രചിച്ചിട്ടുള്ളത്.അതേസമയം, ഗാനം റെക്കോര്‍ഡ് ചെയ്ത് ഉള്‍പ്പെടുത്തിയത് അറിയില്ലായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീനോ അലക്‌സ് പ്രതികരിച്ചത്.