വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമും പത്തനംതിട്ട കക്കി ആനത്തോട് ഡാമും ഇന്ന് തുറക്കും

single-img
8 August 2022

വയനാട്; വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമും പത്തനംതിട്ട കക്കി ആനത്തോട് ഡാമും ഇന്ന് തുറക്കും.

രാവിലെ 8 മണിക്ക് ബാണാസുര സാഗര്‍ അണക്കെട്ടിന്റേയും പതിനൊന്ന് മണിയോടെ കക്കി ആനത്തോട് അണക്കെട്ടിന്റേയും ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. കോഴിക്കോട് കുറ്യാടി ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്റര്‍ കടന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്. നിലവില്‍ 774.20 ആണ് ജലനിരപ്പ്. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാകും തുറക്കുക. സെക്കന്‍ഡില്‍ 8.50 ക്യുബിക് മീറ്റര്‍ വെളളം പുറത്തേക്ക് ഒഴുക്കും. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഡാം തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് 35 മുതല്‍ 50 ഘനമീറ്റര്‍ വെള്ളം പമ്ബാനദിയിലേക്ക് ഒഴുക്കും. ഇതിനെ തുടര്‍ന്ന് പമ്ബാനദിയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ അപകട നിലയേക്കാള്‍ താഴെയാണ് നിലവില്‍ പമ്ബാനദിയിലെ ജലനിരപ്പ്. അതിനാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ല. 975.75 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ഇതിന്റെ 78.8 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. 975.58 മീറ്ററാണ് നിലവിലെ ജലനിരപ്പ്. അപ്രതീക്ഷിതമായ മഴ കാരണം ഉണ്ടായേക്കാവുന്ന ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
പമ്ബ- ത്രിവേണി, അട്ടത്തോട്, കിസുമം, ഏയ്ഞ്ചല്‍ വാലി, കണമല, അരയാഞ്ഞിലിമണ്‍, കുറുബന്‍മൂഴി, അത്തിക്കയം, റാന്നി, കോഴഞ്ചേരി, ആറന്‍മുള, ചെങ്ങന്നൂര്‍, പാണ്ടനാട്, തിരുവന്‍ വണ്ടൂര്‍ കടപ്ര, നിരണം മേഖലയില്‍ പമ്ബാ നദി തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു