അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍കിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു

single-img
8 August 2022

ഇടുക്കി: അടിമാലി ഗ്രാമ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍കിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.

കൈക്കൂലി വാങ്ങിയ പഞ്ചായത്തിലെ ഓവര്‍സിയര്‍ക്കെതിരെ വിജിലന്‍സ് സംഘം അന്വേഷണവും തുടങ്ങി. അറസ്റ്റിലായ സീനിയര്‍ ക്ലര്‍ക് മനോജിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുടങ്ങിയ കെട്ടിട നികുതി അടക്കാനെത്തിയ സ്ത്രീയുടെ കൈയ്യില്‍ നിന്നാണ് മനോജ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്ത് ഓവര്‍സിയര്‍ സജിന്‍ ഇതേ സ്ത്രീയുടെ പക്കല്‍ നിന്ന് നേരത്തെ കൈക്കൂലി കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം അന്വേഷണം ആരംഭിച്ചത്.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കുടുംബത്തിന്റെ പക്കല്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. റവന്യൂ വകുപ്പ് മുന്‍ ഉദ്യോഗസ്ഥ ജയയാണ് കേസിലെ പരാതിക്കാരി. ഇവരുടെ ഭര്‍ത്താവ് ഹൃദ്രോഗിയാണ്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വീടുവിറ്റ് പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പരാതിക്കാരി.

വീടിന്റെ മുടങ്ങിയ നികുതി അടച്ച്‌ തീര്‍ക്കാനും, നികുതിയടവുമായി ബന്ധപ്പെട്ട് ബാധ്യതകളൊന്നുമില്ലെന്ന് സാക്ഷ്യപത്രം നല്‍കാനുമാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ നട്ടംതിരിഞ്ഞ സ്ത്രീയോട് 8000 രൂപയാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. ഇതോടെയാണ് പരാതിക്കാരി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സ് സംഘം നല്‍കിയ പണമാണ് ജയ, കൈക്കൂലി ചോദിച്ച അടിമാലി പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കായ മനോജിന് നല്‍കിയത്. ഈ സമയത്ത് സ്ഥലത്ത് തന്നെ ഉണ്ടായിരുന്ന വിജിലന്‍സ് ഡിവൈഎസ്‌പി ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മനോജിനെ കൈക്കൂലി പണവുമായി കൈയ്യോടെ പിടികൂടുകയായിരുന്നു.

നികുതി കുടിശികയുണ്ടായിരുന്ന വീട്ടില്‍ പരിശോധനക്ക് പോയ അടിമാലി പഞ്ചായത്തിലെ ഓവര്‍സിയര്‍ സജിനെതിരെയാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. സജിന്‍ വീട് പരിശോധിക്കാന്‍ വന്നപ്പോള്‍ കൈക്കൂലി വാങ്ങിയെന്നാണ് ജയ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് പ്രകാരമാണ് സജിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.