എസ്എസ്എൽവി ദൗത്യം അനിശ്ചിതത്വത്തിൽ; ഉപഗ്രഹ സിഗ്നൽ ലഭിക്കുന്നില്ല

single-img
7 August 2022

ISRO യുടെ എസ്‌.എസ്‌.എല്‍.വിയുടെ ആദ്യ വിക്ഷേപണം വിജയകരമായി നടന്നുവെങ്കിലും ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. വിക്ഷേപിച്ച ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കാത്തതിനാലാണ്‌ അനിശ്ചിതത്വം തുടരുന്നത്.

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ലിക്വിഡ് പ്രോപൽഷൻ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളിൽ (വിടിഎം) സംഭവിച്ച എന്തോ സാങ്കേതിക പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു.

രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് എസ്എസ്എല്‍വി വിക്ഷേപിച്ചത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 02-നെയും രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള 75 സ്‌കൂളുകളിലെ 750 വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആസാദിസാറ്റുമായുമാണ് എസ്‌.എസ്‌.എല്‍.വി കുതിച്ചുയര്‍ന്നത്.

500 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭ്രമണപഥത്തിൽ എത്തിക്കുന്നതിനാണ് എസ്.എസ്.എൽ.വി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പി.എസ്‌.എൽ.വിക്ക് 1,750 കിലോഗ്രാം പേലോഡ് വരെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. കുറഞ്ഞ ചെലവ്, വേഗം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളാനുള്ള സൗകര്യം, ആവശ്യാനുസരണം വിക്ഷേപണം, വിക്ഷേപണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എസ്.എസ്.എൽ.വിയുടെ പ്രത്യേകതകളാണ്.