കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ല, അവർ ബിജെപിയിൽ ചേരും; ഗുജറാത്തിലെ ജനങ്ങളോട് അരവിന്ദ് കെജ്‌രിവാള്‍

single-img
7 August 2022

ഗുജറാത്തിൽ ഇനി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും അഴിമതിയുടേയും വ്യാജ മദ്യത്തിന്റേയും രാജാവായ ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍.

സംസ്ഥാനത്തെ ഛോട്ടാ ഉദേപൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസിന് അടി പതറിത്തുടങ്ങിയെന്നും കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നിടത്ത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘കോണ്‍ഗ്രസിന് ആരും വോട്ട് ചെയ്തിട്ട് കാര്യമില്ല. ഇത്തവണ കോണ്‍ഗ്രസിന് ഒരു വോട്ടും ലഭിക്കരുത്. ഓരോ വോട്ടും നിങ്ങൾ ആം ആദ്മിക്ക് നല്‍കണം. ധാരാളം കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോടകം ബിജെപിയിൽ ചേര്‍ന്നു, ഇനിയും ചേരും. തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്നവര്‍ തെരഞ്ഞെടുപ്പിന് ശേഷം അങ്ങോട്ട് തന്നെ പോകും, അതാണിപ്പോൾ നടക്കുന്നത്.

അടുത്ത കാലത്തായി ഗുജറാത്തില്‍ നടന്ന വ്യാജമദ്യ ദുരന്തത്തെയും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമര്‍ശിച്ചു. മദ്യ നിരോധന നിയമം ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു വ്യാജമദ്യ ദുരന്തമുണ്ടായത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബിജെപിക്കാർ അവരുടെ മക്കളെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്നതായിരിക്കും കാണേണ്ടതെന്നും കെജരിവാള്‍ പറഞ്ഞു.