ആത്മഹത്യയെന്ന് സംശയിച്ച ടെക്കിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

single-img
5 August 2022

നോയിഡ: ആത്മഹത്യയെന്ന് സംശയിച്ച ടെക്കിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മുന്‍നിര മള്‍ട്ടിനാഷണല്‍ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്ന 26കാരിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോയിഡയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവതി സുഹൃത്തിനയച്ച വീഡിയോ ലഭിച്ചതോടെയാണ് ആത്മഹത്യയെന്ന് കരുതിയ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തിരുന്നു.

മരിക്കുന്നതിന് തലേദിവസം രക്ഷിക്കണമെന്നപേക്ഷിച്ച്‌ യുവതി സുഹൃത്തിന് വീഡിയോ അയച്ചിരുന്നു. ഒരു വ്യക്തി തന്നോട് മോശമായി പെരുമാറുന്നെന്ന് വീഡിയോയില്‍ യുവതി പറയുന്നുണ്ട്. നോയിഡയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി നോക്കുന്നയാളെക്കുറിച്ചാണ് യുവതി പറഞ്ഞത്. പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെയടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ മുറിയെടുത്ത യുവതി ഓഗസ്റ്റ് ഒന്നിന് ഒറ്റക്കായിരുന്നു ഹോട്ടലില്‍ എത്തിയത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഒരു യുവാവുമായി യുവതി സൗഹൃദത്തിലായിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസങ്ങളിലായി ഇവര്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സുഹൃത്തിനാണ് യുവതി വീഡിയോ സന്ദേശമയച്ച്‌ കമ്ബ്യൂട്ടര്‍ ഓപ്പറേറ്ററായ യുവാവ് മോശമായി പെരുമാറുന്നതായി അറിയിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.