ഇന്ത്യയിൽ നടക്കുന്നത് 4 പേരുടെ ഏകാധിപത്യം: രാഹുൽ ഗാന്ധി

single-img
5 August 2022

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ഇന്ത്യയിൽ ഇന്ന് ജനാധിപത്യം അവശേഷിക്കുന്നില്ല എന്നും, നടക്കുന്നത് 4 പേരുടെ ഏകാധിപത്യമാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് നടത്തുന്ന പ്രതിഷേധപരിപാടിക്ക് മുന്നോടിയായി രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിപക്ഷ നേതാക്കളുടെ ശബ്ദം ഇല്ലാതെയാക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്. ഇന്ത്യ “സ്വേച്ഛാധിപത്യത്തിന്റെ തുടക്കത്തിന്” സാക്ഷ്യം വഹിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സമൂഹത്തിലെ അക്രമം ഇതൊന്നും പ്രതിപക്ഷം ഉന്നയിക്കരുത് എന്നാണു കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. നാലഞ്ചു പേരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ആർ.എസ്.എസിന്റെ ആശയത്തെ ചെറുക്കുക എന്നതാണ് എന്റെ ജോലി. ഞാൻ അത് ചെയ്യാൻ പോകുകയാണ്. ഞാൻ അത് എത്രയധികം ചെയ്യുന്നുവോ അത്രയും കൂടുതൽ ആക്രമിക്കപ്പെടും ഞാൻ സന്തോഷവാനാണ് എന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

അതെസമയം കോൺഗ്രസ് നടത്തുന്ന പ്രതിഷേധം നേരിടാൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജന്തർ മന്ദർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‌ ഡൽഹി പോലീസ് നൽകി.