ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

single-img
3 August 2022

കൊച്ചി: ലൈംഗികപീഡനക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. സിവിക്കിനെതിരായ രണ്ടാമത്തെ കേസിലാണ് കോടതിയുടെ ഉത്തരവ്. എഴുത്തുകാരിയുടെ പീഡന പരാതിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഇന്നലെ സിവിക്കിന് ജാമ്യം അനുവദിച്ചിരുന്നു.

സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ‘അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മ’ അറിയിച്ചിരുന്നു. പാഠഭേദം മാസികയുടെ പ്രിന്ററും പബ്ലിഷറും എഡിറ്ററുമായ സിവിക് ചന്ദ്രനെതിരെ അധ്യാപികയായ യുവ എഴുത്തുകാരി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പൊലീസാണു കേസെടുത്തത്.

ഏപ്രില്‍ 17-നു പുസ്തക പ്രകാശനത്തിനായി എത്തിയപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ സംബന്ധിച്ച നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു കേസെടുത്തിരുന്നത്.

സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വിവിധ കോണുകളില്‍നിന്ന് രൂക്ഷവിമര്‍ശമുയര്‍ന്നിരുന്നു. സിവിക് ഒളിവിലാണെന്നും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നുമാണു പൊലീസ് പറഞ്ഞിരുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സിവിക്കിന്റെ വീട്ടിലേക്കു പലതവണ അന്വേഷണസംഘം എത്തിയിരുന്നു. ഇതിനിടെയാണു സിവിക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

പ്രായവും ആരോഗ്യപ്രശ്നങ്ങളും പരിഗണിക്കണമെന്നും ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണു താനെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിവിക്കിന്റെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്‍, സിവിക് പരാതിക്കാരിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി ഹാജരാക്കിയിരുന്നു.

സിവിക്കിനെതിരെ മറ്റൊരു പീഡനക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 2020 ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയാണ് ഈ പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസിലാണ് ഈ കേസും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.