സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് പിന്തുണ; മുഖ്യമന്ത്രിയെ അറിയിച്ചതായി വിഡി സതീശൻ

single-img
2 August 2022

ശക്തമായി തുടരുന്ന മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിവിധ സ്ഥലങ്ങളിലെ മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് പൂര്‍ണ പിന്തുണ നല്‍കും. മുഖ്യമന്ത്രിയെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്ത ബാധിത പ്രദേശങ്ങളിൽ യുഡിഎഫ് പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങും. ഇതോടൊപ്പം തന്നെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് എതിരെ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് ജില്ലാ കളക്ടറായി നിയമനം നല്‍കിയത്.നിലവിലെ സാഹചര്യത്തില്‍ മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് അനുചിതമായിപ്പോയെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.