കേരളത്തിനെ ശിശു സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം:മുഖ്യമന്ത്രി

single-img
1 August 2022

കേരളത്തിൽ സര്‍ക്കാര്‍ കുരുന്നുകള്‍ക്ക് പോഷക ആഹാരം ഉറപ്പുവരുത്തുന്നതിനായി പോഷകബാല്യം പദ്ധതി ആരംഭിച്ചു. കൊച്ചുകുട്ടികൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുക എന്നത് ഏറ്റവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

2019 ല്‍ യൂനിസഫ് നടത്തിയ പഠനത്തില്‍ കേരളം മുന്നിലാണ്. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണ്. കേരളാ സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്നത് പ്രധാനമാണ്. കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

ഈ കാര്യങ്ങളുടെ നടത്തിപ്പിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. കുട്ടികളില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. സര്‍ക്കാര്‍ നിലവില്‍ രണ്ട് ദിവസത്തേക്ക് കുട്ടികള്‍ക്ക് പാല്‍ നല്‍കുന്നുണ്ട്. പക്ഷെ അങ്കണവാടി ജീവനക്കാര്‍ മറ്റ് ദിവസങ്ങളില്‍ കൂടി പാല്‍ നല്‍കാന്‍ ശ്രമം നടത്തണം. കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കാന്‍ മില്‍മ ലാഭം നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുരുന്നുകള്‍ക്ക് ഇരട്ടി കരുത്ത് നല്‍കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്ന പദ്ധതിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ് പദ്ധതി. മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാലും കുടുംബശ്രീ വഴി മുട്ടയും അങ്കണവാടികളില്‍ നേരിട്ട് എത്തിക്കും.