ഭാര്യയെ ആസിഡൊഴിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച്‌ കോടതി

single-img
30 July 2022

ബെംഗളൂരു: ഭാര്യയെ ആസിഡൊഴിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച്‌ കോടതി.

ബെംഗളൂരുവിലെ 46-ാം സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയാണ് കെംപെഗൗഡ നഗര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ ചെന്നഗൗഡ(44) യ്‌ക്കെതിരായ വിധി പുറപ്പെടുവിച്ചത്. പ്രതിയുടെ പ്രവൃത്തി അത്യന്തം ക്രൂരമാണെന്നും കോടതി വിലയിരുത്തി.

2017 ജൂലായ് 17-നാണ് കേസിനാസ്പദമായ സംഭവം. ഭാര്യ മഞ്ജുളയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു ക്രൂരകൃത്യം. കന്നാസില്‍ ആസിഡുമായെത്തിയ ചെന്നഗൗഡ മഞ്ജുളയുമായി വഴക്കുണ്ടാക്കുകയും ആസിഡ് മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. മുഖത്തും നെഞ്ചിലും വയറിലും ഗുരുതരമായി പൊള്ളലേറ്റ മഞ്ജുള വിക്ടോറിയ ആശുപത്രിയില്‍ 20 ദിവസം ചികിത്സയില്‍ക്കഴിഞ്ഞശേഷമാണ് മരിച്ചത്.

സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ചെന്നഗൗഡയെ ഏറെ നാളുകള്‍ക്കുശേഷമാണ് പോലീസ് പിടികൂടിയത്. ആസിഡ് സംഘടിപ്പിക്കാന്‍ സഹായിച്ച ചെന്നഗൗഡയുടെ സുഹൃത്തിനെ പോലീസ് പിടികൂടിയിരുന്നെങ്കിലും ഇയാള്‍ മാപ്പുസാക്ഷിയായി.