സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; കാരണക്കാർ കേന്ദ്ര സർക്കാർ: കെ.എൻ. ബാലഗോപാൽ

single-img
30 July 2022

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജി.എസ്.ടി. നടപ്പായി അഞ്ചുവര്‍ഷമാവുമ്പോള്‍ ഉദ്ദേശിച്ച വരുമാനം സംസ്ഥാനത്തിന് ലഭിച്ചില്ല എന്ന് ബാലഗോപാൽ പറഞ്ഞു. രാജ്യത്തെ ആകെ വരുമാനത്തിന്റെ 64 ശതമാനവും പിരിച്ചെടുക്കുന്നതു കേന്ദ്ര സർക്കാരാണ്. എന്നാൽ ചെലവിന്റെ 65 ശതമാനം സംസ്ഥാനങ്ങള്‍ തന്നെ വഹിക്കേണ്ടി വരുന്നു. അതായത്, സംസ്ഥാനത്തിനു മൂന്നിലൊന്നു വരുമാനമേയുള്ളൂ. പക്ഷേ, മൂന്നില്‍ രണ്ടു ചെലവാക്കണം. ഇതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയെ ബാധിച്ചത് എന്നാണു ധന മന്ത്രി പറയുന്നത്.

കൂടാതെ കോവിഡ് പ്രതിസന്ധിയില്‍നിന്ന് സമ്പദ്വ്യവസ്ഥ കരയേറാന്‍ ഇനിയും നാലഞ്ചു വര്‍ഷമെടുക്കും. അക്കാലയളവിലേക്കുകൂടി ജി.എസ്.ടി. നഷ്ടപരിഹാരം നല്‍കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ അത് ചെവിക്കൊണ്ടില്ല എന്നും, മുമ്പുണ്ടായിരുന്നതിനെക്കാള്‍ രൂക്ഷമാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന എന്നും ബാലഗോപാൽ പറഞ്ഞു.

ആവശ്യമായ വരുമാനം ലഭിക്കുന്നില്ല. കേന്ദ്രം വേണ്ടതു തരുന്നില്ല, കടമെടുത്ത് കാര്യങ്ങള്‍ ചെയ്യാനും സമ്മതിക്കുന്നില്ല. സംസ്ഥാനത്തെ ട്രഷറിയിലുള്‍പ്പെടെയുള്ള പണം വെട്ടിക്കുറയ്ക്കുന്നു. ഇതൊക്കെ കാരണം സാമ്പത്തികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടുകയാണ് സംസ്ഥാനം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതു കേരളത്തിന്റെമാത്രം പ്രശ്‌നമല്ല. രാജ്യത്ത് സഹകരണാത്മക ഫെഡറലിസം വേണമെന്ന കാഴ്ചപ്പാട് ശക്തിപ്പെടുത്തണം. തമ്പ്രാനും അടിയാനും തമ്മിലെന്ന മട്ടില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ടുപോവുക പ്രായോഗികമല്ല എന്നും മന്ത്രി പറഞ്ഞു.