വര്‍ഷകാലം പാതിയിലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല

single-img
30 July 2022

മൂലമറ്റം: വര്‍ഷകാലം പാതിയിലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല. ജൂണ്‍ ഒന്ന് മുതല്‍ ശനിയാഴ്ച വരെ ജില്ലയില്‍ സാധാരണ ലഭിക്കേണ്ടിയിരുന്നത് 1283.5 മില്ലിമീറ്റര്‍ മഴയാണ്.

എന്നാല്‍, ലഭിച്ചത് 951.7 മില്ലിമീറ്റര്‍ മാത്രം. ഇത് സാധാരണയെക്കാള്‍ 26 ശതമാനം കുറവാണ്. ഏറ്റവും കുറവ് മഴ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. ഇവിടങ്ങളില്‍ യഥാക്രമം 39,38,35,37 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാല്‍, കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ലഭിച്ച മഴ പ്രതീക്ഷിച്ചത്ര ഇല്ലെങ്കില്‍ തന്നെയും മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ കൂടുതല്‍ ലഭിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളില്‍ 2749.035 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം ഇന്നലെ വരെ അവശേഷിക്കുന്നുണ്ട്. ഇത് പൂര്‍ണ സംഭരണ ശേഷിയുടെ 66 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഇതേസമയം 2709.414 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലമാണ് അവശേഷിച്ചിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കി ഡാമില്‍ 66 ശതമാനം ജലമാണ് അവശേഷിക്കുന്നത്. പമ്ബ 60, ഷോളയാര്‍ 83, ഇടമലയാര്‍ 66, കുണ്ടള 86, മാട്ടുപ്പെട്ടി 67, കുറ്റ്യാടി 69, പൊന്മുടി 93 എന്നിങ്ങനെയാണ് മറ്റ് പ്രധാന വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലെ ജലനിരപ്പ്.

ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച്‌ ശനിയാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തില്‍ 14.174 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ട്. ശനിയാഴ്ച സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം 75.88 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ 36.10 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയപ്പോള്‍ 39.77 ദശലക്ഷം യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചു.