സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകം; കേസ് എന്‍ഐഎക്ക് കൈമാറുന്നു

single-img
29 July 2022

കാസർകോട് അതിർത്തിയായ കർണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതക കേസ് എന്‍ഐഎക്ക്. എന്‍ഐഎക്ക് കേസ് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കൊലപാതവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ രജിസട്രേഷനുള്ള ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ കൊലപ്പെടുത്തിയത്. സാക്കീര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മാത്രമല്ല, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്.

പോലീസ് നിലവിൽ കാസര്‍കോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19 കാരന്‍ മംഗ്ലൂരുവില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് അന്വേഷിക്കുകയാണ്.