എന്‍ജിനീയറിങ് വിദ്യാര്‍ഥി നിഷാങ്ക് റാത്തോഡ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ചൈനീസ് വായ്പ ആപ്പുകളുടെ ഭീഷണി

single-img
29 July 2022

ഭോപ്പാല്‍: ഭോപ്പാല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി നിഷാങ്ക് റാത്തോഡ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ചൈനീസ് വായ്പ ആപ്പുകളുടെ ഭീഷണി.

കഴിഞ്ഞദിവസം റെയില്‍വേ ട്രാക്കിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്. റാത്തോഡ് വിവിധ ആപ്പുകളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും 8000 രൂപയോളം വായ്പ വാങ്ങിയിരുന്നു. ഈ പണം ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തു. വായ്പ കുടിശ്ശികയായതോടെ നാലുമാസമായി ഈ ആപ്പുകളുടെ ഏജന്‍റുമാര്‍ നിരവധി തവണ വിദ്യാര്‍ഥിയെ വിളിക്കുകകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ അമിത പലിശ നിരക്കുകളുള്ള നിരവധി ചൈനീസ് വായ്പ ആപ്പുകളുടെ സാധാരണ പ്രവര്‍ത്തനരീതിയാണിത്. വായ്പ കുടിശ്ശിക വരുത്തിയാല്‍ അവര്‍ ആളുകളെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നതാണ് പതിവെന്ന് പൊലീസ് പറയുന്നു. നിഷാങ്കിന്‍റെ വായ്പ തുക ചെറുതാണെങ്കില്‍പ്പോലും, അയാളെ നിരന്തരം ഇത്തരം സംഘങ്ങള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 15ലധികം ചൈനീസ് വായ്പ ആപ്പുകളില്‍ നിന്നാണ് വിദ്യാര്‍ഥി വായ്പ എടുത്തത്.

രണ്ട് വര്‍ഷമായി ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം ആപ്പുകള്‍ മൊബൈലില്‍നിന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഇതുവെച്ചാണ് പിന്നീട് വ്യക്തികളെ ഭീഷണിപ്പെടുത്തുന്നത്. വായ്പ കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഏജന്‍റുമാരുടെ ഭീഷണിമൂലമാണ് പലരും ജീവനൊടുക്കുന്നത്.

റാത്തോഡിന്റെ ഫോണില്‍നിന്ന് ഇത്തരം ആപ്പുകളും കോള്‍ വിശദാംശങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ആപ്പ് ഏജന്‍റുമാരെ ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. അംഗീകൃത ബാങ്കുകള്‍ കോവിഡ് കാലത്ത് വായ്പ നല്‍കുന്നത് കുറച്ചതോടെയാണ് ചൈനീസ് കമ്ബനികള്‍ ഈ രംഗത്ത് പിടിമുറുക്കിയത്.