ആവശ്യമെങ്കിൽ യോഗി മാതൃക കർണാടകയിലും നടപ്പിലാക്കും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

single-img
28 July 2022

ആവശ്യമാണെങ്കിൽ യുപിയിൽ നടപ്പാക്കിയ യോഗി മാതൃക കർണാടകയിലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രാജ്യ വിരുദ്ധരെയും വർഗീയതയെയും നേരിടാൻ യോഗി മാതൃക ദക്ഷിണേന്ത്യൻ സംസ്ഥാനത്തും നടപ്പാക്കാൻ സർക്കാരിന് സാധിക്കും . ഉത്തർപ്രദേശിന്റെ സാഹചര്യത്തിന് അനുയോജ്യമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്നും ബസവരാജ്‌ ബൊമ്മൈ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറിൻ്റെ കൊലപാതകത്തിന് പിന്നാലെ വലിയ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപിയുടെയും സംഘപരിവാർ അനുകൂലികളുടെയും ഒരു വിഭാഗം വിമർശിച്ചു. ഇതിനെ തുടർന്നാണ് യോഗി മോഡൽ എന്ന ആവശ്യം ഉയർന്നുവന്നത്.

ബിജെപി യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം പ്രവീൺ നെട്ടാറിന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഞ്ച് സംഘങ്ങളെ രൂപീകരിച്ച് കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.