സില്‍വര്‍ലൈന്‍ വലിയ സാമ്പത്തിക ബാധ്യത: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

single-img
28 July 2022

സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട് എന്നും അതിനു ശേഷം മാത്രമേ സില്‍വര്‍ ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കൂ അശ്വിനി വൈഷ്ണവ് പറഞ്ഞു.

സില്‍വര്‍ ലൈന്‍ സങ്കീര്‍ണമായ പദ്ധതിയാണ്. സാമ്പത്തിക, സാമൂഹ്യ, പാരിസ്ഥിതിക, എന്‍ജിനീയറിങ് വശങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. അതുകൊണ്ട് വിവിധ വശങ്ങള്‍ വിശദമായി വിശകലനം ചെയ്യേണ്ടത് ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

അതെ സമയം കേന്ദ്രസര്‍ക്കാരിന്‍റെ എതിർപ്പിനിടെ സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം ഇറക്കും. ആറു മാസം കാലാവധി നൽകിയാകും വീണ്ടും വിജ്ഞാപനം ഇറക്കുന്നത്. നിലവിൽ പഠനം നടത്തിയ ഏജൻസികൾക്ക് ഒപ്പം പുതിയ ഏജൻസികളെയും പരിഗണിക്കും.

9 ജില്ലകളിലെ സർവേക്കുള്ള കാലാവധിയാണ് നിലവിൽ തീർന്നത്. ഈ ജില്ലകളിൽ സാമൂഹ്യ ആഘാത പഠനത്തിനുള്ള വിജ്ഞാപനമാണ് ഈ ആഴ്ച്ച ഇറക്കുന്നത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കാലാവധി ജൂലൈ 30 നാണ് തീരുന്നത്. ഒരു ജില്ലയിലും നൂറു ശതമാനം സർവേ തീർന്നിട്ടില്ല. നിലവിലെ വിഞാപനം റദ്ദാക്കണോ ഏജൻസികളെ നില നിർത്തണോ തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.