റെയിൽവേ ജോലി തട്ടിപ്പ്: മുതിർന്ന ബി ജെ പി നേതാവ് തട്ടിയെടുത്തത് കോടികൾ, ഇരയായത് ബിജെപിക്കാർ

single-img
28 July 2022

ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദ്ധാനം ചെയ്ത് കേരളത്തിലെ ബിജെ പി നേതാവ് വിവിധ ആളുകളിൽ നിന്നായി കോടികൾ തട്ടിയെടുത്തതായി ആരോപണം. സംഭവത്തിൽ കരുണാപുരം പോത്തിൻകണ്ടം സ്വദേശിയും ബി.ജെ.പി ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റുമായ രാധാകൃഷ്ണൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ,സംഘടന സെക്രട്ടറി എ.ഗണേഷ് എന്നിവർക്ക് പരാതി നൽകി. കേരളകൗമുദിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.

പാർട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുള്ള കട്ടപ്പന സ്വദേശിയാണ് ആരോപണ വിധേയൻ. 39 പേരിൽ നിന്നായി 6.5 ലക്ഷം രൂപ വീതം ഇയാൾ തട്ടിയെടുത്തുവെന്നാണ് ആരോപണം. ആരോപണ വിധേയനായ നേതാവ് മുൻപും ഒട്ടനവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്ന് ഇയാളെ സംഘടനയുടെ ചുമതലകളിൽ നിന്നും ബി ജെ പി നേതൃത്വം മാറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ മുതലാണ് നിയോജക മണ്ഡലം പ്രസിഡന്റായ രാധാകൃഷ്ണന്റെ മകന്റെ കൈയ്യിൽ നിന്നും അയൽവാസിയായ മറ്റൊരു ബി ജെ പി പ്രവർത്തകന്റെ പക്കൽ നിന്നും നേതാവ് പണം പിരിച്ചു തുടങ്ങിയത്. ഇരുവരുടെയും കൈയിൽ നിന്നായി 13 ലക്ഷത്തോളം രൂപ കൈക്കലാക്കി. മൂന്ന് മാസത്തിനുള്ളിൽ ജോലി നൽകുമെന്ന് പറഞ്ഞാണ് പണം പിരിച്ചത്. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ആളുകൾക്ക് തട്ടിപ്പാണോയെന്ന സംശയം ഉടലെടുത്തത്.

ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ നേതാവ് ഒഴിഞ്ഞു മാറിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയെ തുടർന്ന് ബി.ജെ.പി സംഘടനാ സെക്രട്ടറി എ.ഗണേഷ്, സഹസംഘടന സെക്രട്ടറി സുഭാഷ് എന്നിവർ കഴിഞ്ഞ ദിവസം കട്ടപ്പനയിലെത്തി അന്വേഷണം നടത്തി മടങ്ങി. തട്ടിയെടുത്ത പണം തിരികെ നൽകിയില്ലെങ്കിൽ നേതാവിനെതിരെ പൊലീസിൽ പരാതി നൽകാനാണ് വഞ്ചിക്കപ്പെട്ടവരുടെ തീരുമാനം.