പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; അന്വേഷണസംഘം ഡൊണാള്‍ഡ് ട്രംപില്‍ നിന്നും തെളിവെടുക്കും

single-img
27 July 2022

2020 ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും അന്വേഷണ സംഘം തെളിവെടുക്കും. ട്രംപിന്റെ അഭിഭാഷകരുമായും അടുത്ത ഉപദേഷ്ടാക്കളുമായും നടത്തിയ സംഭാഷണങ്ങളെക്കുറിച്ച് സാക്ഷികളില്‍ നിന്ന് നേരത്തേ മൊഴിയെടുത്തിരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു .

അമേരിക്കയുടെ നീതിന്യായ വകുപ്പിന്റെ ജനുവരി 6-ലെ കലാപത്തെ കുറിച്ചുള്ള ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമാണ് ഫെഡറല്‍ അന്വേഷണം നടക്കുന്നത് . മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് ഷോര്‍ട്ട്, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഗ്രെഗ് ജേക്കബ് എന്നിവര്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ ഹാജരായി തെളിവെടുപ്പിന് വിധേയമായിരുന്നു.

2020 ഡിസംബർ, 2021 ജനുവരി എന്നീ മാസങ്ങളിൽ ട്രംപ് നയിച്ച യോഗങ്ങള്‍, അനുയായികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ സമ്മര്‍ദ പ്രചാരണം, വ്യാജ വോട്ടര്‍മാരെ കുറിച്ച് അഭിഭാഷകര്‍ക്കും ഉപദേശകര്‍ക്കും അദ്ദേഹം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചാണ് നീതിന്യായ വകുപ്പിന്റെ അഭിഭാഷകര്‍ അന്വേഷിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യദ്രോഹ ഗൂഢാലോചനയും സര്‍ക്കാര്‍ നടപടികള്‍ തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയും ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടാം ഘട്ട അന്വേഷണത്തില്‍ വ്യാജ ഇലക്ടര്‍മാരുമായി ബന്ധപ്പെട്ട വഞ്ചനാകേസും ഉള്‍പ്പെടും. റൂഡി ഗിയൂലിയാനിയും ജോണ്‍ ഈസ്റ്റ്മാനും നേതൃത്വം നല്‍കിയ വ്യാജ തിരഞ്ഞെടുപ്പ് പദ്ധതിയില്‍ ട്രംപിന്റെ നേരിട്ടുള്ള പങ്കിനെ കേന്ദ്രീകരിച്ചായിരുന്നു ചില ചോദ്യം ചെയ്യലുകളെന്ന് സ്രോതസ്സുകള്‍ പറയുന്നു.