സ്പൈസ് ജെറ്റിന് തിരിച്ചടിയായി ഡി.ജി.സി.എയുടെ നിയന്ത്രണം

single-img
27 July 2022

ഡല്‍ഹി: സ്പൈസ് ജെറ്റിന് തിരിച്ചടിയായി ഡി.ജി.സി.എയുടെ നിയന്ത്രണം. അടുത്ത എട്ട് ആഴ്ചത്തേക്ക് 50 ശതമാനം സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

തുടര്‍ച്ചയായ സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് നടപടി. ഇക്കാലയളവില്‍ വിമാന സര്‍വീസുകള്‍ നിരീക്ഷിക്കും.

18 ദിവസങ്ങള്‍ക്കുള്ളില്‍ 8 സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍ ആണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുടങ്ങിയത്. ജൂലൈ 9ന് ഡി.ജി.സി.എ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കുഴപ്പം കണ്ടു പിടിക്കാനായി 48 സ്പൈസ് ജെറ്റ്‌ വിമാനങ്ങളില്‍ 53 ഇടത്താണ് ഡി.ജി.സി.എ സ്പോട്ട് ചെക്കിങ് നടത്തിയത്.

വിശ്വാസ്യതയും സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പൈസ് ജെറ്റിന്‍റെ 50 ശതമാനം സര്‍വീസുകള്‍ എട്ടാഴ്ചത്തേക്ക് വെട്ടിച്ചുരുക്കുന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു. ഒരു എയര്‍ലൈനെതിരെ അടുത്ത കാലത്ത് എടുക്കുന്ന ഏറ്റവും കര്‍ശനമായ നടപടിയാണിത്.

എന്നാല്‍ സുരക്ഷാ ലംഘനങ്ങളുണ്ടായിട്ടില്ലെന്ന് സ്പൈസ് ജെറ്റ് അവകാശപ്പെട്ടു- “ഇന്ത്യയുടെ ഏറ്റവും പ്രിയപ്പെട്ട എയര്‍ലൈന്‍ കഴിഞ്ഞ 17 വര്‍ഷമായി സുരക്ഷിതവും വിശ്വസനീയവുമാണ്. സുരക്ഷാ ലംഘനമൊന്നും ഉണ്ടായിട്ടില്ല”