എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായ മകളെയും ഭര്‍ത്താവിനെയും പിതാവ് വെട്ടിക്കൊന്നു
ചെന്നൈ: എതിര്‍പ്പിനെ അവഗണിച്ച് വിവാഹിതരായ മകളെയും ഭര്‍ത്താവിനെയും പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി ജില്ലയിലെ കോവില്പ്പട്ടിയ്ക്ക് സമീപം വീരപ്പട്ടിയിലാണ് സംഭവം.
രേഷ്മ (20) ഭര്‍ത്താവ് മാണിക്യരാജ് (26) എന്നിവരെ വീരപ്പട്ടി സ്വദേശി മുത്തുക്കുട്ടിയാണ് (50) കൊലപ്പെടുത്തിയത്. മുത്തുക്കുട്ടിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഒരുമാസം മുന്‍പായിരുന്നു രേഷ്മയും മാണിക്യരാജും ഒളിച്ചോടി വിവാഹം ചെയ്തത്.
രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ രേഷ്മയും ബന്ധുവായ മാണിക്യരാജും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിദേശത്ത് ജോലിചെയ്തിരുന്ന മാണിക്യരാജ് അടുത്തിടെയാണ് തിരിച്ചെത്തിയത്. പിന്നീട് കാര്യമായി ജോലി ഒന്നും ചെയ്തിരുന്നില്ല. മാണിക്യരാജിന് മദ്യപാന ശീലമുണ്ടെന്ന് പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും രേഷ്മ വഴങ്ങിയില്ല.
പിന്നാലെ വിവാഹിതരായ ഇരുവരും രണ്ടുദിവസം മുന്‍പാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഗ്രാമത്തിലെ പഞ്ചായത്തിന്റെ അനുമതിയിലാണ് ഇരുവരും ഗ്രാമത്തില്‍ താമസം ആരംഭിച്ചത്. മാണിക്യരാജിന്റെ വീട്ടിലായിരുന്നു താമസം. എന്നാല്‍ വിവാഹത്തിന് ശേഷവും ഇവരുടെ ബന്ധത്തെ മുത്തുക്കുട്ടി എതിര്‍ത്തിരുന്നു.
ഇന്നലെ വൈകിട്ട് മാണിക്യരാജിന്റെ വീട്ടിലെത്തിയ മുത്തുക്കുട്ടി മകളെയും മരുമകനെയും അരിവാളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയം മറ്റാരും വീട്ടിലുണ്ടായിരുന്നു. പിന്നാലെ അവിടെനിന്ന് ഒളിവില്‍പ്പോയ മുത്തുക്കുട്ടിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.