പാരമ്ബര്യ വൈദ്യന്‍ ഷാബ ഷെരീഫിന്റെ കൊലപാതകം; മുഖ്യപ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തു

single-img
26 July 2022

മലപ്പുറം: നിലമ്ബൂരില്‍ പാരമ്ബര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയില്‍ എറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തു.ഫസ്‌നയെ വയനാട്ടില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച്‌ അറിവുണ്ടായിരുന്നു പൊലീസ് പറയുന്നു. തെളിവ് നശിപ്പിക്കാന്‍ ഫസന ശ്രമിച്ചു എന്നും പൊലീസ് വ്യക്തമാക്കി.

മൃതദേഹം കണ്ടെത്താനാകാത്ത കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായ പാരമ്ബര്യ ചികിത്സാ വിദഗ്ധന്‍ ഷാബ ഷരീഫിനെ നിലമ്ബൂരിലേക്ക് തട്ടിക്കൊണ്ട് പോയത്. വ്യവസായിയായ നിലമ്ബൂര്‍ മുക്കട്ട ഷൈബിന്‍ അഷ്റഫും സംഘവും ആയിരുന്നു തട്ടിക്കൊണ്ടുപോകലിന് പിന്നില്‍. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു സംഘത്തിന്‍റെ ശ്രമം.

എന്നാല്‍ ഒരു വര്‍ഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യന്‍ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറില്‍ മര്‍ദ്ദനത്തിനിടെ ഷാബ ഷരീഫ് മരിച്ചു. മൃതദേഹം കഷണങ്ങളാക്കി ചാലിയാറില്‍ തള്ളാന്‍ ഷൈബിന്‍ അഷ്‌റഫ് കൂട്ടുകാരുടെ സഹായം തേടിയിരുന്നു.എന്നാല്‍ വാഗ്‌ദാനം ചെയ്‌ത പ്രതിഫലം നല്‍കാന്‍ അഷറഫിന് കഴിഞ്ഞില്ല. തുടര്‍ന്ന് 2022 ഏപ്രില്‍ 24ന് ഈ കൂട്ടുപ്രതികള്‍ ഷൈബിന്‍ അഷ്‌റഫിനെ ബന്ദിയാക്കി പണം കവര്‍ന്നു. വൈദ്യന്റെ മൃതദേഹം വെട്ടിമുറിക്കാന്‍ സഹായിച്ചവരും അവരുടെ കൂട്ടാളികളും ആയിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍.

കവര്‍ച്ചയില്‍ പരാതിയുമായി ഷൈബിന്‍ പോലീസിനെ സമീപിച്ചു. ഇതോടെ കവര്‍ച്ചക്കേസിലെ പ്രതികളായ മൂന്നു പേര്‍ തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കി.ഇവരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് ഷാബ ഷെരീഫിന്‍റെ കൊലപാതകം പുറത്ത് വരുന്നത്. ഇവര്‍ നല്‍കിയ പെന്‍ഡ്രൈവില്‍ നിന്ന് വൈദ്യനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. പിന്നാലെ മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫ്, സഹായത്തിനെത്തിയ വയനാട് സ്വദേശികളായ ഷിഹാബുദ്ദീന്‍, നൗഷാദ് , നിലമ്ബൂര്‍ സ്വദേശി നിഷാദ് എന്നിവരും കേസില്‍ അറിസ്റ്റിലായിരുന്നു.