തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി നടന്‍ രജനികാന്ത്

single-img
26 July 2022

മിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി നടന്‍ രജനികാന്ത് (Rajinikanth).

ഇന്‍കം ടാക്സ് ദിനത്തോട് അനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി നടനെ ആദരിച്ചു. രജനികാന്തിന് പകരം മകള്‍ ഐശ്വര്യയാണ് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്.

‘ഉയര്‍ന്ന നികുതിദായകന്റെ മകള്‍ എന്നതില്‍ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’,എന്നാണ് ഐശ്വര്യ ചിത്രങ്ങള്‍ പങ്കുവച്ച്‌ ട്വീറ്റ് ചെയ്തത്. തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ ആയിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. തമിഴ് സിനിമാ മേഖലയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനും രജനികാന്ത് ആണ്.

അതേസമയം, ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കോലമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് എന്നിവ ഒരുക്കിയ നെല്‍സണിന്‍റെ കരിയറിലെ നാലാം ചിത്രമാണിത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്. രജനീകാന്തിന്‍റെ കഴിഞ്ഞ ചിത്രം അണ്ണാത്തെയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചതും രാമോജിയില്‍ ആയിരുന്നു. ഇതേപോലെ ജയിലറിന്‍റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവും അവിടെയായിരുന്നു.

ഓഗസ്റ്റ് രണ്ടാം വാരത്തോടെയാവും ചിത്രീകരണം തുടങ്ങുക. അതേസമയം ചിത്രത്തിന്‍റെ തിരക്കഥ ലോക്ക് ചെയ്യുന്നതിനു മുന്‍പ് രജനീകാന്തുമായി നെല്‍സണ്‍ സ്ഥിരമായി ചര്‍ച്ചകള്‍ നടത്തുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന് രജനീകാന്ത് കഥയില്‍ എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ചിത്രം, വിജയ് നായകനായ ബീസ്റ്റ് വിജയമാകാതെ പോയതിനാല്‍ നെല്‍സണെ സംബന്ധിച്ച്‌ ജയിലറിന്‍റെ വിജയം ഒരു അനിവാര്യതയുമാണ്.

ചിത്രത്തിലെ താരനിരയെയും മറ്റ് അണിയറക്കാരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശിവരാജ് കുമാര്‍, ഐശ്വര്യ റായ്, പ്രിയങ്ക മോഹന്‍, ശിവകാര്‍ത്തികേയന്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തുമെന്നാണ് അറിയുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.