പടക്ക വ്യവസായിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ ആറുപേര്‍ മരിച്ചു

single-img
24 July 2022

ന്യൂഡല്‍ഹി: ബിഹാറില്‍ പടക്ക വ്യവസായിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച്‌ ആറുപേര്‍ മരിച്ചു.

സരന്‍ ജില്ലയിലെ ഖുദായ് ബാഗ് ഗ്രാമത്തില്‍ ഖൈറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ഷാബിര്‍ ഹുസൈന്‍ എന്നയാളുടെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. വീടിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചപ്പോള്‍ ബാക്കി ഭാഗത്തിന് തീപിടിച്ചു. പുഴയുടെ തീരത്താണ് വീട് സ്ഥിതിചെയ്യുന്നതെന്നും വീടിന്റെ ഭൂരിഭാഗവും ഇടിഞ്ഞുവീണെന്നും പൊലീസ് പറഞ്ഞു.

എട്ടുപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ എട്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും ഫോറന്‍സിക് വകുപ്പ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ പറഞ്ഞു.

വീടിനുള്ളില്‍വെച്ചാണ് പടക്കം നിര്‍മിച്ചിരുന്നതെന്നും ഒരുമണിക്കൂറോളം തുടര്‍ച്ചയായി സ്‌ഫോടന ശബ്ദം കേട്ടതായും പൊലീസ് പറഞ്ഞു.