സൽമാൻഖാന് തോക്ക് വേണം; മുംബൈ പോലീസിന് അപേക്ഷ നൽകി

single-img
23 July 2022

തോക്ക് ലൈസൻസിന് ബോളിവുഡ് നടൻ സൽമാൻ ഖാൻ മുംബൈ പൊലീസിൽ അപേക്ഷ നൽകി. വധഭീഷണി ഉയർന്ന സാഹചര്യത്തിലാണ് ആയുധം കൈവശം വയ്ക്കാൻ അനുമതി തേടിയത്. ഒരു മാസം മുൻപ് സൽമാനും പിതാവ് സലിം ഖാനും എതിരെ വധഭീഷണിക്കത്ത് ലഭിച്ചിരുന്നു. ലൈസൻസ് ലഭിക്കാൻ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയുടെ ഭാഗമായി മുംബൈ പൊലീസ് കമ്മിഷണർ വിവേക് ഫൻസാൽക്കറെ സന്ദർശിച്ചാണ് അപേക്ഷ നൽകിയത്.

അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയ പഞ്ചാബ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഒരു മാസം മുൻപ് ലഭിച്ച ഭീഷണിക്കത്തിലുള്ളത്. ജൂൺ അഞ്ചിന് ബാന്ദ്രയിൽനിന്നാണ് കത്തു ലഭിച്ചത്. സൽമാൻ പ്രഭാത സവാരിക്കു പോകുന്ന വഴിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കത്ത് കണ്ടെടുക്കുകയായിരുന്നു. അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയും സംഘവുമാണ് കത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.