മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍

single-img
23 July 2022

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതില്‍ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍. ആ ചിത്രത്തിലെ ഗാനം ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും, സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിക്കുന്നു. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത് എന്നാണ് ലിനു ലാല്‍ ചോദിച്ചത്.

മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട് എന്നും ലിനു ലാല്‍ പറഞ്ഞു.