കോൺഗ്രസിന്റെ ‘നവ സങ്കൽപ്പ്’ ചിന്തൻ ശിബിരം ഇന്ന് കോഴിക്കോട് ആരംഭിക്കും

single-img
23 July 2022

കെ പി സി സിയുടെ ‘നവ സങ്കൽപ്’ ചിന്തൻ ശിബിരം ഇന്ന് കോഴിക്കോട് ആരംഭിക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ ശിബിരത്തിൽ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കെപിസിസി ഭാരവാഹികൾ, നിർവാഹ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടന ഭാരവാഹികൾ, കോൺഗ്രസ് ദേശീയ ഭാരവാഹികൾ, എം എൽ എമാർ എം പിമാർ എന്നിവരാണ് ചിന്തൻ ശിബിരത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്. എസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ താരിഖ് അൻവർ സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, ദിഗ്വിജയസിംഗ് തുടങ്ങിയവർ ശിബിരത്തിന് എത്തുന്നുണ്ട്.

രാജസ്ഥാനിലെ ഉദയപൂരിൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി നടത്തിയചിന്തൻ ശിബിരത്തിനു തുടർച്ചയായിട്ടാണ് കേരളത്തിലും നടത്തുന്നത്. രാവിലെ 9 30നാണ് പതാക ഉയർത്തുന്നത്. നവ സങ്കൽപ്’ ചിന്തൻ ശിബിരം കോൺഗ്രസിന്റെ മുഖം മാറ്റും എന്ന് കെ സുധാകരനും പറഞ്ഞപ്പോൾ, കോൺഗ്രസിന് ഒരു കോഴിക്കോട് പ്രഖ്യാപനം ഈ ചിന്തൻ ശിബിരത്തോടെ ഉണ്ടാകും എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും പറഞ്ഞു.

അഞ്ച് വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ചിന്തൻ ശിബിരത്തിൽ പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഇതിനായി അഞ്ച് സമിതികളും നേരത്തെ തന്നെ നിയോഗിച്ചിരുന്നു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പാണ് ഇതിൽ പ്രധാനപ്പെട്ട അജണ്ട. ഇത് തയ്യാറാക്കിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷൻ ആയിട്ടുള്ള സമിതിയാണ്. കേരളത്തിലെ കോൺഗ്രസിന് കൂടുതൽ ഉണർവ് നൽകി നിലവിലെ മുഴുവൻ പാർലമെന്റ് സീറ്റുകളും നിലനിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.