വാട്‌സാപ്പ് ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോൺഗ്രസ്സിൽ നടപടി; രണ്ട് പേരെ സസ്‌പെഡ് ചെയ്തു

single-img
21 July 2022

വാട്‌സാപ്പ് ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോൺഗ്രസ്സിൽ അച്ചടക്ക നടപടി. സംസ്ഥാന ഉപാധ്യക്ഷന്മാരായ എന്‍ എസ് നുസൂര്‍, എസ് എം ബാലു എന്നിവരെ ചുമതലകളില്‍ നിന്നും നീക്കിയതായി ദേശീയ സെക്രട്ടറി ആ ശ്രാവണ്‍ റാവു അറിയിച്ചു.

ചാറ്റ് പുറത്തായ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കിയവരില്‍ നുസൂറും ബാലുവും ഒപ്പ് വെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു നുസൂറിന്റെ നേതൃത്വത്തില്‍ പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇരുവരെയും സസ്‌പെന്റ് ചെയ്തത്.

വാട്സാപ്പ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാന പ്രകാരമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ശബരീനാഥനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം, ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണം, 50,000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്