വിമാനത്തിലെ പ്രതിഷേധത്തില്‍ ഇപി ജയരാജനെതിരെ ഗുരുതരവകുപ്പ് ചുമത്താതെ പോലീസ്

single-img
21 July 2022

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇപി ജയരാജനെതിരെ ഗുരുതരവകുപ്പ് ചുമത്താതെ പോലീസ്. സമാന കേസിൽ പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെ. എസ്. ശബരീനാഥനും എതിരെ എയർക്രാഫ്റ്റ് റൂൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. എന്നാൽ ഈ വകുപ്പുകൾ ഇപി ജയരാജനെതിരെ പോലീസ് ചുമത്തിയിട്ടില്ല.

നിവരവധി വിമർശനങ്ങൾ ഉയർന്നിട്ടും ഒന്നര മാസത്തോളം കേസെടുക്കാതിരുന്ന പൊലീസ് ഒടുവിൽ കോടതി നിർദേശത്തൊടെയാണ് ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ രണ്ട് പഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുത്തത്. വധശ്രമവും ഗൂഡാലോചനയും ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

കണ്ണൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തിൽ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജൻ മർദിച്ചതായി ഹർജിയിൽ പറയുന്നു. പൊലീസിനു പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം.