സോണിയ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകും

single-img
21 July 2022

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധി ഇന്ന് ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരാകും. ഇതേ കേസിൽ രാഹുൽ ഗാന്ധിയെയും ഇ ഡി അഞ്ചു ദിവസങ്ങളിലായി അൻപതിലേറെ മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യന്നത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇ ഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇത് തന്നെയാകും സോണിയാ ഗാന്ധിയിൽ നിന്നും ഇ ഡി ചോദിച്ചറിയുക.

ഇന്ന് രാവിലെ പതിനൊന്നരയോടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്റെ ഡൽഹി ഓഫിസിലാണ് ഹാജരാകുന്നത്. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു.

അതെ സമയം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇരുനൂറ്റി അന്‍പതോളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം പാര്‍ലമെന്‍റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും.