നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു തുടങ്ങി

single-img
21 July 2022

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തു തുടങ്ങി. 12 മണിയോടുകൂടിയാണ് സോണിയ ഗാന്ധി ഇ ഡിക്കു മുന്നിൽ ഹാജരായത്. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയിൽ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിക്കാൻ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു.

ചരിത്രത്തിൽ ആദ്യമായാണ് ഒരന്വേഷണസംഘം ഒരു കോൺഗ്രസ് അധ്യക്ഷയെ ചോദ്യം ചെയ്യുന്നത്. അതിനിടെ, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധത്തെ തുടർന്ന് ലോക്സഭ നിർത്തിവച്ചു. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുൾപ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് നിരവധി പാർട്ടി പ്രവർത്തകരാണ് സോണിയാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയത്. ഇവർ പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് എ ഐ സി സി ആസ്ഥാനത്തിന് മുന്നിലുണ്ടായത്. പ്രവർത്തകരെ നീക്കംചെയ്യാൻ പൊലീസ് ശ്രമം തുടരുകയാണ്.

കോവിഡിനെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ വീട്ടിലെത്തി മൊഴി എടുക്കാമെന്ന് ഇഡി അറിയിച്ചിരുന്നെങ്കിലും ഓഫിസില്‍ ഹാജരാകാമെന്നു സോണിയ ഗാന്ധി മറുപടി നൽകുകയായിരുന്നു. രാഹുൽഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാക്കളും സോണിയാഗാന്ധിയെ അനുഗമിച്ചു.