സദാചാര ഗുണ്ടകൾ പൊളിച്ച ബസ് കാത്തിരിപ്പു കേന്ദ്രം വീണ്ടും പണിയും: മേയർ ആര്യ രാജേന്ദ്രൻ

single-img
21 July 2022

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു എന്ന് പറഞ്ഞു സദാചാര ഗുണ്ടകൾ പൊളിച്ച തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം പുതുക്കി പണിയുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബസ് സ്റ്റാൻഡ് സന്ദർശിക്കവെയാണ് മേയർ വിദ്യാർഥികൾക്ക് ഉറപ്പു നൽകിയത്

നിലവിലെ ഷെഡ് അനധികൃതമായി നിർമിച്ചതാണ്. അത് പൊളിച്ച് ആധുനിക സൗകര്യത്തോടു കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു കൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കും. വിദ്യാർഥികൾ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മൾ മനസ്സിലാക്കണം. അവർ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാൻഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു എന്നു പറയുന്നത് തെറ്റായ നടപടിയാണ്. അതിൽ പ്രതികരിക്കാൻ തീരുമാനിച്ചതിൽ വിദ്യാർഥികൾക്ക് അഭിനന്ദനം അറിയിക്കുന്നു – ആര്യ രാജേന്ദ്രൻ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിൽ ഇടയിലുള്ള ഭാഗം സാമൂഹിക വിരുദ്ധർ മുറിച്ചു മാറ്റിയത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.