വാട്സാപ്പ് ചാറ്റ് മാധ്യമങ്ങൾക്കു ചോർന്ന സംഭവം; ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി

single-img
20 July 2022

മുൻ എം എൽ എ ശബരീനാഥിന്റെ അറസ്റ്റിലേക്ക് വഴിവെച്ച ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലെ ചാറ്റ് മാധ്യമങ്ങൾക്കു ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിൽ പൊട്ടിത്തെറി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൻ.എസ് നുസൂറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി.

നാല് വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും ഒപ്പിട്ട കത്താണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസന്‍ നല്‍കിയത്. വിവരങ്ങൾ ചോരുന്നത് സംസ്ഥാന പ്രസിഡൻ്റ് ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്നും വിഷയത്തില്‍ ദേശീയ നേതൃത്വം അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിനെതിരെ റിയാസ് മുക്കോളി, എന്‍എസ് നുസൂര്‍, എസ്‌ജെ പ്രേം രാജ്, എസ്എം ബാബു എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിലെ കെ എസ് ശബരീനാഥന്റെ ആഹ്വാന പ്രകാരമാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം നടന്നതെന്ന് തെളിയിക്കുന്ന വാട്‌സാപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയും രാത്രിയോടെ ജാമ്യത്തിൽ വിടുകയുമായിരുന്നു.

കേസില്‍ ശബരിനാഥനെ നാലാം പ്രതിയായിരുന്നു ശബരീനാഥന്‍. നേരത്തെ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും മൂന്നാം പ്രതിക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിക്കുകയും ചെയ്തതിനാൽ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് നേരത്തെ തെളിഞ്ഞതാണെന്ന് ശബരിനാഥന്റെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. തുടര്‍ച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം, ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണം, 50,000 രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.