യു.കെയിൽ സര്‍വകാല റെക്കോഡുകള്‍ തകർത്തു ചൂട്

single-img
20 July 2022

ലണ്ടന്‍ : കടുത്ത ഉഷ്ണ തരംഗത്തില്‍ യൂറോപ്പ് ചുട്ടുപ്പൊള്ളുന്നതിനിടെ യു.കെയിലെ താപനില സര്‍വകാല റെക്കോഡുകള്‍ മറികടന്ന് 40 ഡിഗ്രി സെല്‍ഷ്യസിന് പുറത്തെത്തി.

ഇന്നലെ ലണ്ടനിലെ ഹീത്രോയില്‍ 40.2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഹീത്രോയ്ക്ക് പിറകെ ലിങ്കണ്‍‌ഷെയറിലും 40.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

കേംബ്രിഡ്ജ് ഉള്‍പ്പെടെ ലണ്ടന്റെ ഭാഗങ്ങളിലും ഇന്നലെ 39 ഡിഗ്രിയ്ക്കപ്പുറത്തേക്ക് ചൂട് കൂടി. 2019ല്‍ കേംബിഡ്ജില്‍ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു യു.കെയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിലെ ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍ ഇന്നലെ സറീയിലെ ചാള്‍സ്‌വുഡില്‍ 39.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ ഈ റെക്കോഡ് മറികടന്നിരുന്നു.

ലണ്ടന്റെ പലഭാഗങ്ങളിലും ഇന്നലെ കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ ജാഗ്രത പാലിക്കണമെന്നും താപനില 42 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരാമെന്നും മുന്നറിയിപ്പുണ്ട്. യു.കെയ്ക്ക് പുറമേ ബെല്‍ജിയം, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, സ്പെയ‌്‌ന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയരുകയാണ്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലും സ്പെയ്‌നിലും കാട്ടുതീ വ്യാപകമാണ്. രണ്ടിടങ്ങളിലും 40 ഡിഗ്രി വരെയാണ് ഉയര്‍ന്ന താപനില.