തീർത്ഥാടകരെ വരവേൽക്കാൻ എറണാകുളത്തെ നാലമ്പലങ്ങൾ റെഡി

single-img
19 July 2022

കർക്കടകം ഇങ്ങെത്തി, നാലമ്പല ദർശനത്തിനുള്ള തിരക്കുകളിലാണ് മലയാളികൾ. മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷ്മണസ്വാമിക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയെ കോർത്തിണക്കി എറണാകുളം ജില്ലയിലെ നാലമ്പലങ്ങൾ തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം. പിറവത്തിനും രാമമംഗലത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിർമ്മിതിയിൽ ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നാണ്. മാനായി വന്ന് സീതയെ മോഹിപ്പിച്ച മാരീചൻ രാമൻറെ അമ്പേറ്റ് വീണത് ഇവിടെയാണെന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ ക്ഷേത്രത്തിന് മാമ്മലശ്ശേരി എന്ന പേരുവന്നത്. മാന്‍ അന്ന് ഓടിക്കളിച്ചുനടന്ന സ്ഥലം ഇപ്പോള്‍ ‘മാനാടി’ എന്നു പേരുള്ള ഒരു പാടശേഖരമാണ്. രാമബാണമേറ്റ് ചിതറിയ മാനിന്‍റെ മേല്‍ഭാഗം വീണിടം ‘മേമ്മുറിയും’ കീഴ്ഭാഗം വീണിടം ‘കിഴുമുറി’ യായും അറിയപ്പെടുന്നു.

കിഴക്കുദര്‍ശനമായി വട്ടശ്രീകോവിലില്‍ ശിലാവിഗ്രഹത്തില്‍ ശ്രീരാമസ്വാമി ദീനദയാലുവായി സര്‍വ്വ ഐശ്വര്യങ്ങളുമരുളി കുടികൊള്ളുന്നു. പുലർച്ചെ നാലിന് നട തുറക്കും. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമർപ്പണം, പാൽപ്പായസം, മീനൂട്ട് തുടങ്ങിയ പ്രധാന വഴിപാടുകൾ നടത്താനും ഹനുമാന് ഗദ സമർപ്പിക്കാനും സൗകര്യമുണ്ട്. ദിവസവും അന്നദാനവുമുണ്ട്.

വനവാസക്കാലത്ത് ദശരഥന്റെ ദേഹ വിയോഗം അിറഞ്ഞ രാമലക്ഷ്മണന്മാര്‍ അദ്ദേഹത്തിനുവേണ്ടി ബലി തര്‍പ്പണം ചെയ്ത ശ്രീ തിരുബലി മഹാദേവക്ഷേത്രം മൂവാറ്റുപുഴയാറിന്റെ മറുകരയോടു ചേര്‍ന്ന് ശ്രീരാമ സ്വാമി ക്ഷേത്രത്തിന് അടുത്തായി സ്ഥിതി ചെയ്യുന്നു.

മേമ്മുറി ഭരതസ്വാമിക്ഷേത്രം

മാമ്മലശ്ശേരി ശ്രീരാമസന്നിധിയില്‍നിന്നും 4 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന നാലമ്പലവഴിയിലെ രണ്ടാമത്തെ ക്ഷേത്രമാണ് മേമ്മുറി ഭരതസ്വാമി ക്ഷേത്രം. വനവാസത്തിനുപോയ രാമലക്ഷ്മണന്മാരെ തിരഞ്ഞെത്തിയ ഭരത ശത്രുഘ്നന്മാര്‍ യാത്രാമധ്യേ വലിയൊരു കാട്ടിലകപ്പെടുകയും, പരസ്പരം വേര്‍പെട്ടു പോവുകയും ചെയ്തു. ഭരതസ്വാമി എത്തിച്ചേര്‍ന്ന് വിശ്രമിച്ച സ്ഥലം ‘ഭരതപ്പിള്ളി’ എന്നറിയപ്പെടുകയും അവിടെ താമസിച്ചിരുന്നവര്‍ ഭരതസ്വാമിയെ തങ്ങളുടെ രാജാവായി കരുതി വാഴിക്കുകയും ചെയ്തു എന്ന് വിശ്വസിച്ചു പോരുന്നു.

പടിഞ്ഞാട്ടു ദര്‍ശനമായി ചതുരശ്രീകോവിലില്‍ ശിലാവിഗ്രഹത്തില്‍ ഭഗവത്‍ചൈതന്യം കുടികൊള്ളുന്നു. പാല്‍പ്പായസം, നെയ് വിളക്ക് , കദളിപ്പഴ നിവേദ്യം, കൂട്ടുപായസം, കര്‍ക്കടക ഔഷധസേവ എന്നിവയാണ് പ്രധാന വഴിപാടുകൾ.

മുളക്കുളം ശ്രീലക്ഷ്മണ സ്വാമിക്ഷേത്രം

മേമ്മുറിയിൽ നിന്ന് ഏകദേശം 12 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ വിഗ്രഹമില്ല – പകരം തിടമ്പ് ക്ഷേത്രത്തിലെ ശ്രീകോവിലിൽ ആരാധിക്കുന്നു. ഗണപതി, കീരാടമൂർത്തിയുടെ രൂപത്തിലുള്ള ശിവൻ, ശാസ്താവ് എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. പാല്‍പ്പായം, നെയ് വിളക്ക്, കദളിപ്പഴ നിവേദ്യം, കൂട്ടുപായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.

മാമ്മലശ്ശേരി ശ്രീശത്രുഘ്ന സ്വാമിക്ഷേത്രം

വനവാസത്തിനുപോയ രാമലക്ഷ്മണന്മാരെ അന്വോഷിച്ചുപോയ ഭരതശത്രുഘ്നന്മാര്‍ യാത്രാമധ്യേ വേര്‍പെട്ടു പോകുകയും, വലിയൊരു കാട്ടിലകപ്പെട്ട ശത്രുഘ്ന സ്വാമിയെ അവിടുത്തുകാര്‍ ‘നെടുംകാട്ടുതേവര്‍’ എന്നു വിളിച്ച് ആദരിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. നെടുംകാട്ടുതേവര്‍ കാലക്രമത്തില്‍ നെടുങ്ങാട്ടുതേവരായി മാറി എന്ന് വിശ്വാസം. കുടുംബത്തില്‍ സന്തോഷവും അഭിവൃദ്ധിയും നിലനില്‍ക്കാന്‍ ശ്രീചക്ര സമര്‍പ്പണം, പാല്‍പ്പായസം, നെയ് വിളക്ക്, പാലഭിഷേകം, കരിക്കഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകള്‍.

ശ്രീശത്രുഘ്ന സ്വാമിയെ തൊഴുത്, വീണ്ടും ശ്രീരാമ സന്നിധിയിലെത്തി ശ്രീരാമസ്വാമിയെ വന്ദിക്കുമ്പോള്‍ നാലമ്പല ദര്‍ശനം സമ്പൂര്‍ണ്ണമാകുന്നു.